ചെമ്പേരി: ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ് അപകടത്തിൽപെട്ടു. കണ്ണൂരിൽ നിന്ന് ചെമ്പേരി വഴി ഏറ്റുപാറയിലേക്ക് പോവുകയായിരുന്ന ശ്രേയസ് ബസാണ് ചുണ്ടക്കുന്ന് എസ്റ്റേറ്റ് ഗേറ്റിനടുത്ത് അപകടത്തിൽപ്പെട്ടത്.
ചുണ്ടക്കുന്ന് ഇറക്കത്തിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്ന തിനിടെ ബസിന്റെ ടയർ ജൽജീവൻ പൈപ്പ് കുഴിയിൽ താഴുകയായിരുന്നു. കുഴിയിൽ നിന്നു കയറ്റാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടയിൽ ബസിന്റെ ലീഫ് പൊട്ടി. പിന്നീട് ബ്രേക്കും തകരാറിലായതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മുന്നോട്ടു പോവുകയുമായിരുന്നു.
ഡ്രൈവർ റോഡരികിലുള്ള മതിലിനിടിച്ചു ബസ് നിർത്തിയതിനാൽ വലിയൊരപകടമാണ് ഒഴിവായത്. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. നിരവധിപേർക്ക് നിസാര പരിക്കേറ്റു. ബസ് മതിലിൽ ഇടിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.